കൊല്ലം : വാളക്കോട് പുതിയ റെയില്‍വേ മേല്‍പാലം നിര്‍മിക്കുന്നതിനായി ജനറല്‍ അലൈന്മെന്റ് ആന്‍ഡ് ഡ്രായിംഗിന് (ജഎഡി) ദക്ഷിണ റെയില്‍വേ അനുമതി നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. പുനലൂര്‍ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ദേശീയപാത അഥോറിറ്റിയുടെയും റെയില്‍വേയുടെയും പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെയും യോഗത്തിന് ശേഷമാണ് വിവരം അറിയിച്ചത്. യോഗത്തില്‍ എംഎല്‍എമാരായ സി. അജയപ്രസാദ്, എം.എം. നസീര്‍ മുന്‍സിപ്പല്‍ ചെയര്മാന് എം.എ. രാജഗോപാല്‍, കളക്ടര്‍ ആനി ജുല തോമസ് എന്നിവരും പങ്കെടുത്തു.
വാളക്കോട് നിലവിലുളള റയില്‍വേ മേല്‍പ്പാലത്തിന്റെ വീതിക്കുറവ് കൊണ്ട് ഉണ്ടാകുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ ദേശീയപാത അതോറിറ്റിയുടെ ബ്ലാക്ക് സ്പോട്ട് ഒഴിവാക്കുന്നതിനുളള പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി പാലം നിര്‍മാണത്തിന് തുക അനുവദിച്ചിരുന്നു.
നിര്‍മാണ ചുമതല സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിനെ ഏല്പിച്ചു. നിലവിലുളള പാലത്തിന് സമീപം റയില്‍വേ നിര്‍മിച്ചിട്ടുളള ബോക്സ് രീതിയിലുളള നിര്‍മാണം പ്രയോജനപ്പെടുത്തി അതിനു മുകളില്‍ റോഡ് നിര്‍മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു നടത്തിയ വിദഗദ്ധ പരിശോധനയില്‍ ഏറ്റവും കൂടിയ ഭാരം വഹിച്ചു കൊണ്ടുളള വലിയ ചരക്ക് വാഹനങ്ങള്‍ ഓടുന്ന റോഡില്‍ നിലവിലെ നിര്‍മാണം ഉപയോഗിച്ചുളള റോഡ് നിര്‍മാണം അഭികാമ്യമല്ലെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് റെയില്‍വേയുടെയും ദേശീയപാത അഥോറിറ്റിയുടെയും സംസ്ഥാന ദേശീയപാത വിഭാഗത്തിന്റെയും സഹകരണത്തോടെ വിദഗ്ധ സമിതി നടത്തിയ പഠനത്തില്‍ പുതിയ പാലമാണ് അഭികാമ്യമെന്ന് കണ്ടെത്തി. തുടര്‍ന്ന് പുതിയ മേല്‍പ്പാലം നിര്‍മിക്കുന്നതിനുളള രൂപകല്പന നടത്തുകയും രൂപകല്പന ഡിവിഷന് തലത്തിലും സിഎഒ തലത്തിലും ദക്ഷിണറയില്‍വേ ബ്രിഡ്ജസ് ചീഫ് എന്‍ജിനിയര്‍ തലത്തിലും പരിശോധന പൂര്‍ത്തിയാക്കിയാണ് ജിഎഡി അനുമതി ലഭിച്ചത്.
29.5 മീറ്റര്‍ നീളത്തിലും 8.25 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിൽറെ രൂപകൽപ്പന. 5.5 മീറ്റര്‍ വീതി വാഹനഗതാഗതത്തിനും, 1.5 മീറ്റര്‍ കാല്നടയ്ക്കുമായാണ്. അവശേഷിക്കുന്ന ഭാഗം റയിലിംഗ് ക്രാഷ് ബാരിയര്‍ എന്നിവ നിര്‍മിക്കും. പുതിയ രൂപകല്‍പ്പന അനുസരിച്ച് പാലത്തിന് നിര്‍മാണ ചെലവ് ആറു മുതല്‍ ഏഴുകോടി രൂപയാണ്. നിര്‍മാണ ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല ഏജന്‍സി സംബന്ധിച്ച് സംയുക്ത ചര്‍ച്ച നടത്തി അന്തിമ തീരുമാനം കൈക്കൊളളും.
കൊല്ലം ചിന്നക്കട-ഇടമണ്‍ ദേശീയപാത 744 ന്റെ പുനലൂര്‍ കോട്ടവാസല്‍ അറ്റകുറ്റപണിയ്ക്കായി 5.27 കോടി രൂപയും, കൊല്ലം ചിന്നക്കട മുതല്‍ എഴുകോണ്‍ അമ്പലത്തിന്‍കാല വരെ അറ്റുകുറ്റപ്പണിയ്ക്കായി 4.70 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു റോഡിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുക, ഗതാഗത തടസമുണ്ടാക്കുന്ന മരച്ചില്ലുകള്‍ മുറിച്ചു മാറ്റല്‍, റോഡിന്റെ വശങ്ങളിലെ കാടുവെട്ടല്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുനലൂര്‍ കോട്ടവാസല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചക്കുളളില്‍ ആരംഭിക്കും.
കൊല്ലം - ചിന്നക്കട മുതല്‍ അമ്പലത്തിന്‍കാല വരെയുളള പണികളുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. അമ്പലത്തിന്‍കാല പുനലൂര്‍ ഭാഗം അറ്റകുറ്റപ്പണികള്‍ക്കായി 1.75 കോടി രുപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
പുനലൂര്‍ ബൈപാസിനായി നിര്‍ദേശിച്ചിരുന്ന അലൈന്മെന്റ് ഡല്‍ഹിയില്‍ ചേര്‍ന്ന അലൈന്മെന്റ് കമ്മിറ്റി പരിശോധിച്ചു.
യോഗ തീരുമാനപ്രകാരം ശബരിമല തീര്‍ഥാടകര്‍ക്ക് കൂടി പ്രയോജനപ്രദമാകുന്ന വിധത്തില്‍ അലൈന്മെന്റില് വ്യതിയാനം വേണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പുതിയ അലൈന്മെന്റ് നിര്‍ദേശം സമര്‍പ്പിക്കാനുളള നടപടികള്‍ പുരോഗമിച്ചു വരുന്നു. അഞ്ചല്‍ വഴിയുളള പഴയ അലൈന്മെന്റ് അംഗീകരിക്കണമെന്നുളള ആവശ്യം കേന്ദ്ര മന്ത്രാലയത്തിന്റെ പരിഗണനയില്‍ കൊണ്ടു വരണമെന്ന് യോഗം നിര്‍ദേശിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈമാസം ഒമ്പത്, 10 തീയതികളില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി കേന്ദ്ര ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയേയും സെക്രട്ടറി ഉമാശങ്കറിനെയും നേരില്‍ കണ്ട് പഴയ അലൈന്മെന്റ് അംഗീകരിക്കണമെന്നുളള ആവശ്യം ഉന്നയിക്കും.
പഴയ എന്‍എച്ച് 744 ചിന്നക്കട ഇടമണ്‍ ഒറ്റത്തവണ വികസനം മന്ത്രിതലത്തിലുളള ഉന്നതതലയോഗം വിളിച്ചു റോഡിന്റെ വീതിയും ചെയ്യേണ്ട വികസന പ്രവര്‍ത്തനവും സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതിനുശേഷം ആയതിന്റെ അടിസ്ഥാനത്തില്‍ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സമഗ്ര വികസനം സാധ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
എന്‍എച്ച് 744 ഗ്രീന്‍ഫീല്‍ഡ് ഹൈവേ സംബന്ധിച്ച് വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിനും നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുമായി അടുത്ത കാലത്തുണ്ടായ സുപ്രീംകോടതി വിധിയുടെ തടസം നീക്കം ചെയ്യാന്‍ വേണ്ടി സുപ്രീം കോടതി മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ച് പരിഹാരം കണ്ടെത്താന്‍ ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ധാരണയായി.
യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി, എംഎല്‍എമാരായ സി. അജയപ്രസാദ്, എം.എം. നസീര്‍, പുനലര്‍ മുന്‍സിപ്പല്‍ ചെയര്മാന് എം.എ. രാജഗോപാല്‍ ജില്ലാ കളക്ടര്‍ ആനി ജുല തോമസ്, ദേശീയപാത അഥോറിറ്റി ഓഫ് ഇന്‍ഡ്യ പ്രോജക്ട് ഡയറക്ടര്‍ ബിപിന്‍ മധു, ദക്ഷിണറയില്‍വേ ബ്രിഡ്ജസ് ഡിഇഎന് ടി. രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.